ജില്ലാ വ്യവസായ കേന്ദ്രങ്ങൾ
ഒരു പ്രദേശത്ത് ചെറുകിട, കുടിൽ, ഗ്രാമവ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കാനും, സംരംഭകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും, സൗകര്യങ്ങളും ഒരിടത്ത് തന്നെ ലഭ്യമാക്കാനും 1978-ൽ കേന്ദ്രസർക്കാർ 'ജില്ല വ്യവസായ കേന്ദ്രങ്ങൾ' (ഡിഐസി) ആരംഭിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ-കൾ) സ്ഥാപിക്കുന്നതിനുള്ള എല്ലാ സേവനങ്ങളും, സഹായ സൗകര്യങ്ങളും സംരംഭകർക്ക് നൽകുന്ന ജില്ലാ തലത്തിലുള്ള സ്ഥാപനമാണ് ജില്ലാ വ്യവസായ കേന്ദ്രം. പരിശീലന പരിപാടികളിലൂടെ സംരംഭകത്വ ശേഷി വികസിപ്പിയ്ക്കുക, അനുയോജ്യമായ പദ്ധതികൾ കണ്ടെത്തുക, സാധ്യതാ റിപ്പോർട്ടുകൾ തയ്യാറാക്കുക, വായ്പാ സൗകര്യങ്ങൾ, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ ലഭ്യമാക്കുക, വ്യാവസായിക ക്ലസ്റ്ററുകകൾ വികസിപ്പിയ്ക്കുക, വിപണി കണ്ടെത്തുന്നതിന് വിവിധ മേളകൾ സംഘടിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വ്യാവസായിക സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനും വികസനവും ഈ കേന്ദ്രം നടപ്പിലാക്കുന്നു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നേതൃത്വത്തിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളാണ് ജില്ലാ തലത്തിൽ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ജനറൽ മാനേജർ തസ്തിക ജോയിന്റ് ഡയറക്ടർ തലത്തിലുള്ളതാണ്. മാനേജർ (ക്രെഡിറ്റ്), മാനേജർ (സാമ്പത്തിക അന്വേഷണം), മാനേജർ (വികസനം), മാനേജർ (കൈത്തറി), ഒരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവരാണ് ജനറൽ മാനേജരെ സഹായിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ കീഴിൽ ഉപജില്ലാ വ്യവസായ ഓഫീസറുടെ ചുമതലയിൽ താലൂക്ക് വ്യവസായ ഓഫീസുകൾ പ്രവർത്തിയ്ക്കുന്നു. വകുപ്പിന്റെ ഫീൽഡ് തല ഉദ്യോഗസ്ഥരായ വ്യവസായ വികസന ഓഫീസർമാരെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും വിന്യസിച്ചിട്ടുണ്ട്.
ഡിഐസികളുടെ പ്രവർത്തനവും അവയുടെ നേട്ടവും അഡീഷണൽ ചീഫ് സെക്രട്ടറിയും (വ്യവസായങ്ങൾ) ഇൻഡസ്ട്രീസ് & കൊമേഴ്‌സ് ഡയറക്ടറും നിരീക്ഷിക്കുന്നു. പ്രകടനം വിലയിരുത്തുന്നതിനും വിവിധ സ്കീമുകൾ നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നതിന് ജനറൽ മാനേജർമാരുടെ അവലോകനം പതിവായി സംഘടിപ്പിക്കാറുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളിലായി ഓരോന്നു വീതം 14 ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (ഡിഐസി) പ്രവർത്തിയ്കുന്നു.
കൂടുതൽ വായിക്കുക.